കോഴിക്കോട്: തൃണമൂലില്‍ ചേരാമെന്ന് താന്‍ പറഞ്ഞതായി സൂചിപ്പിച്ച് പി.വി. അന്‍വര്‍ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു കത്ത് നല്‍കിയെന്ന ആരോപണത്തോടു പ്രതികരിച്ച് കെ.കെ. രമ എംഎല്‍എ.
അന്‍വറുമായി ഒരിക്കലും ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിക്കുന്നതെന്നും കെ.കെ. രമ പറഞ്ഞു. പി.വി. അന്‍വറുമായി ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ല. പി.വി. അന്‍വര്‍ സിപിഎം വിട്ട കാലത്ത് ഒരിക്കല്‍ ഫോണില്‍ സംസാരിച്ചിരുന്നു.
അന്ന് പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്. അന്‍വര്‍ പറയുന്ന കാര്യം തനിക്ക് അറിയുകയില്ലെന്നും രമ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുവെന്ന് പി.വി. അന്‍വര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു പാര്‍ട്ടിക്ക് അന്‍വര്‍ നല്‍കിയതായി പറയപ്പെടുന്ന കത്ത് നേതൃത്വം പുറത്തുവിട്ടത്.
ബേപ്പൂരില്‍ മത്സരിച്ചപ്പോള്‍ തൃണമൂലില്‍നിന്ന് ഒരു ഘട്ടത്തിലും പിന്തുണ ലഭിച്ചില്ലെന്നും ഒരു ദേശീയ നേതാവിനെ പോലും പ്രചാരണത്തിന് അയച്ചില്ലെന്നും ചിഹ്നം പോലും അനുവദിക്കാന്‍ തയാറായില്ലെന്നും പരസ്യമായി ആരോപിച്ചാണ് പി.വി. അന്‍വര്‍ പാര്‍ട്ടി വിട്ടത്.
അന്‍വറിന് രാഷ്ട്രീയ സ്ഥിരതയില്ലെന്നും നല്ലൊരു ഡോക്ടറെ കാണുന്നത് നന്നാവുമെന്നും പരിഹസിച്ചു തിരിച്ചടിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വമാണ് പി.വി. അന്‍വര്‍ മുമ്പ് നല്‍കിയതായി പറയപ്പെടുന്ന കത്ത് പുറത്തുവിട്ടത്.
നിരവധി ഇടതു നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് പറഞ്ഞാണ് അന്‍വര്‍ തൃണമൂലിലെത്തിയതെന്നും എന്നാല്‍ നാട്ടില്‍ അന്വേഷിച്ചപ്പോഴാണ് ഒരാള്‍ക്കു പോലും ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ അറിയില്ലെന്ന് മനസിലായതെന്നും തൃണമൂല്‍ സെക്രട്ടറി വി. ശിവദാസന്‍ കുറ്റപ്പെടുത്തി.
2024 നവംബര്‍ 26ന് തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിക്ക് അന്‍വര്‍ കത്ത് നല്‍കിയതായാണു നേതാക്കള്‍ പറയുന്നത്.